---
title: "എറണാകുളത്ത്  സുഹൃത്തിന്റെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിന് പിന്നിൽ പ്രണയപ്പക"
english_title: "Murder Case: Woman Stabbed to Death by Friend Over Relationship Issues"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378401/ernakulam-woman-murder-friend-arrested`"
published_at: "2026-08-13T22:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7df52772322_1000713922.jpg"
keywords: ["Ernakulam Murder", "Relationship Crime", "Suramya", "Shibin", "Kerala Crime News"]
---

# എറണാകുളത്ത്  സുഹൃത്തിന്റെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിന് പിന്നിൽ പ്രണയപ്പക

> **Lead Summary:** പറവൂർ: എറണാകുളം വടക്കേക്കര മുറവന്തുരുത്തിൽ സുഹൃത്തിന്റെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ആലുവ എടത്തല എൻ.എ.ഡി കവല പുറത്തുപാറ വീട്ടിൽ പി.എസ്. സുരമ്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് സ്വദേശി കോലഞ്ചേരി ഷിബിൻ നെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

പറവൂർ: എറണാകുളം വടക്കേക്കര മുറവന്തുരുത്തിൽ സുഹൃത്തിന്റെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ആലുവ എടത്തല എൻ.എ.ഡി കവല പുറത്തുപാറ വീട്ടിൽ പി.എസ്. സുരമ്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് സ്വദേശി കോലഞ്ചേരി ഷിബിൻ നെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴ്ച രാവിലെ 11.30 ഓടെ മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടിലാണ് സംഭവം. അഞ്ച് വർഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. നാല് മാസം മുൻപ് സുരമ്യ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞാണ് ഷിബിൻ വ്യാഴ്ച സുരമ്യയെ വിളിച്ചുവരുത്തിയത്.

സി.എ പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ സ്ഥാപനത്തിൽ ട്രെയ്നിയായിരുന്ന സുരമ്യ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ബസിൽ പറവൂരിലെത്തിയ സുരമ്യയെ ഷിബിൻ ബൈക്കിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ ഷിബിൻ കത്തിയെടുത്ത് സുരമ്യയെ കുത്തുകയായിരുന്നു.

കഴുത്തിലും നെഞ്ചിലുമാണ് സുരമ്യയ്ക്ക് കുത്തേറ്റത്. പിടിവലിക്കിടെ ഷിബിന്റെ കൈകൾക്കും മുറിവേറ്റിട്ടുണ്ട്. സംഭവ സമയത്ത് വീട്ടിൽ ഷിബിന്റെ അമ്മയും ഉണ്ടായിരുന്നു. കുത്തിയ ഉടൻ ഷിബിൻ ബൈക്കിൽ വടക്കേക്കര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നാട്ടുകാരും പൊലീസും ചേർന്ന് സുരമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കാരം നടക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എടത്തല പഞ്ചായത്ത് ഏഴാം വാർഡിൽ ട്വന്റി-20 സ്ഥാനാർഥിയായി സുരമ്യ മത്സരിച്ചിരുന്നു. ശശികുമാറിന്റെയും സബിതയുടെയും മകളാണ് സുരമ്യ. സഹോദരൻ: സൂരജ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378401/ernakulam-woman-murder-friend-arrested`)